International
കാഠ്മണ്ഡു: നേപ്പാളിൽ രാഷ്ട്രീയപ്രേരിതമെന്ന് വിലയിരുത്തപ്പെടുന്ന 1500-ലധികം സുപ്രധാന നിയമനങ്ങൾ പുതിയ സർക്കാർ റദ്ദാക്കി. പ്രസിഡന്റ് രാംചന്ദ്ര പൗഡൽ പുറപ്പെടുവിച്ച പ്രത്യേക ഓർഡിനൻസിലൂടെയാണു മുൻ സർക്കാർ നടത്തിയ നിയമനങ്ങൾ കൂട്ടത്തോടെ റദ്ദാക്കിയത്. രാജ്യത്ത് ഭരണമാറ്റം നടന്ന മാർച്ച് 26-ന് മുമ്പ് നടത്തിയ നിയമനങ്ങളാണ് ഇതോടെ അസാധുവായതെന്നു പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
2025 സെപ്റ്റംബറിൽ നടന്ന അതിശക്തമായ യുവജന പ്രക്ഷോഭങ്ങൾക്കു പിന്നാലെ മാർച്ച് അഞ്ചിനു നടന്ന പൊതുതെരഞ്ഞെടുപ്പിൽ ബാലേന്ദ്ര ഷായുടെ നേതൃത്വത്തിലുള്ള രാഷ്ട്രീയ സ്വതന്ത്ര പാർട്ടി വൻ ഭൂരിപക്ഷത്തിൽ അധികാരത്തിൽ വന്നിരുന്നു. പരമ്പരാഗത രാഷ്ട്രീയ പാർട്ടികളോടുള്ള ജനങ്ങളുടെ കടുത്ത എതിർപ്പാണ് ബാലേന്ദ്ര ഷായെ അധികാരത്തിലെത്തിച്ചത്.
റദ്ദാക്കപ്പെട്ട നിയമനങ്ങളിൽ ഭൂരിഭാഗവും രാഷ്ട്രീയ സ്വാധീനമുപയോഗിച്ച് നേടിയവയാണെന്നാണു റിപ്പോർട്ട്.
International
കാഠ്മണ്ഡു: നേപ്പാളിൽ കഴിഞ്ഞ വർഷം നടന്ന ജെൻസി ജനകീയ പ്രക്ഷോഭങ്ങളിലെ കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് മുൻ പ്രധാനമന്ത്രി കെ.പി. ശർമ ഒലി അറസ്റ്റിലായതിനു പിന്നാലെ നേപ്പാളിൽ രാഷ്ട്രീയ ഭൂകമ്പം. അറസ്റ്റിനെ എതിർത്തും അനുകൂലിച്ചും നിരവധി പേർ രംഗത്തുവന്നു.
ഭക്തപുരിലെ ഗുണ്ടുവിലുള്ള വസതിയിൽനിന്നാണ് നേപ്പാൾ പോലീസ് ഒലിയെ കസ്റ്റഡിയിലെടുത്തത്. ഒലിക്കൊപ്പം മുൻ ആഭ്യന്തര മന്ത്രി രമേഷ് ലേഖകും അറസ്റ്റിലായിട്ടുണ്ട്. പുതിയ പ്രധാനമന്ത്രിയായി ബാലേന്ദ്ര ഷാ അധികാരമേറ്റതിനു തൊട്ടുപിന്നാലെയാണു നാടകീയ നീക്കങ്ങൾ.
എല്ലാവരും ഒരുപോലെ
അറസ്റ്റിനുപിന്നാലെ, "വാഗ്ദാനം പാലിക്കപ്പെടുമെന്നും നിയമത്തിനു മുകളിൽ ആരുമില്ലെന്നും' നേപ്പാൾ ആഭ്യന്തരമന്ത്രി സുദൻ ഗുരുംഗ് എക്സിൽ കുറിച്ചു. ഇത് ആർക്കമെതിരെയുള്ള പ്രതികാരമല്ലെന്നും നീതിയുടെ തുടക്കം മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, രാഷ്ട്രീയ വിരോധം തീർക്കാനാണ് തന്നെ അറസ്റ്റ് ചെയ്തതെന്നും നിയമപോരാട്ടം തുടരുമെന്നും ഒലി മാധ്യമങ്ങളോടു പ്രതികരിച്ചു.
കഴിഞ്ഞ വർഷം സെപ്റ്റംബർ എട്ടിനും ഒന്‍പതിനും നടന്ന അഴിമതി വിരുദ്ധ യുവജന പ്രക്ഷോഭത്തിനിടെയുണ്ടായ വെടിവയ്പിൽ 19 യുവാക്കളടക്കം 70-ഓളം പേർ കൊല്ലപ്പെട്ടിരുന്നു. സോഷ്യൽ മീഡിയ നിരോധനത്തിൽ തുടങ്ങി രാജ്യവ്യാപകമായ സാമ്പത്തിക പ്രതിസന്ധിക്കെതിരെയുള്ള പോരാട്ടമായി മാറിയ ഈ പ്രക്ഷോഭമാണ് ഒലി സർക്കാരിന്റെ തകർച്ചയ്ക്കു കാരണമായിത്തീർന്നത്. പാർലമെന്റ് മന്ദിരമുൾപ്പെടെയുള്ള സർക്കാർ ഓഫീസുകൾ പ്രതിഷേധക്കാർ അഗ്നിക്കിരയാക്കിയിരുന്നു.
10 വർഷം തടവിനു ശിപാർശ
തെരഞ്ഞെടുപ്പിൽ വിജയിച്ച് അധികാരമേറ്റ ബാലേന്ദ്ര ഷായുടെ നേതൃത്വത്തിൽ ചേർന്ന ആദ്യ കാബിനറ്റ് യോഗത്തിലാണു പ്രക്ഷോഭത്തെക്കുറിച്ചുള്ള ഉന്നതതല അന്വേഷണ റിപ്പോർട്ട് നടപ്പാക്കാൻ തീരുമാനിച്ചത്. വെടിവയ്പിനു നേരിട്ട് ഉത്തരവിട്ടതായി തെളിവില്ലെങ്കിലും ഉന്നത പദവിയിലിരുന്നിട്ടും കൊലപാതകങ്ങൾ തടയാൻ ഒലിയും സംഘവും ശ്രമിച്ചില്ലെന്നും റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു.
കുറ്റക്കാർക്കു പത്തു വർഷം വരെ തടവുശിക്ഷയാണ് കമ്മീഷൻ ശിപാർശ ചെയ്തിരിക്കുന്നത്. മുൻ പോലീസ് മേധാവി ചന്ദ്ര കുബേർ ഖപുംഗ് ഉൾപ്പെടെയുള്ള മറ്റ് ഉന്നത ഉദ്യോഗസ്ഥർക്കെതിരെയും അന്വേഷണ കമ്മീഷൻ നടപടികൾക്കു ശിപാർശ ചെയ്തിട്ടുണ്ട്.
Sports
മുംബൈ: ഐസിസി പുരുഷ ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പിൽ നേപ്പാളിനെതിരെ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിംഗ് തെരഞ്ഞെടുത്തു. ഗ്രൂപ്പ് സി-യിലാണ് ഇംഗ്ലണ്ടും നേപ്പാളും. മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിലാണ് മത്സരം.
ടീം നേപ്പാൾ: കുശാൽ ബുർടെൽ, ആസിഫ് ഷേഖ്, രോഹിത് പൗഡൽ, ദിപേന്ദ്ര സിംഗ് ഐറി, ആരിഫ് ഷേഖ്, ലോകേഷ് ബാം, ഗുൽസൻ ഝാ, കെ.സി. കരൺ, നന്ദൻ യാദവ്, സന്ദീപ് ലാമിച്ചാനെ, ഷേർ മല്ല.
ടീം ഇംഗ്ലണ്ട്: ഫിലിപ്പ് സാൾട്ട്, ജോസ് ബട്ട്ലർ, ജേക്കബ് ബെഥേൽ, ടോം ബാന്റൺ, ഹാരി ബ്രൂക്ക്, സാം കറൻ, വിൽ ജാക്ക്സ്, ലിയാം ഡോസൺ, ജോഫ്ര ആർച്ചർ, ആദിൽ റഷീദ്, ലൂക്ക് വുഡ്.
Sports
കൊളംബോ: കാഴ്ച പരിമിതരുടെ പ്രഥമ വനിതാ ടി20 ലോകകപ്പ് കിരീടം ഇന്ത്യക്ക്. കൊളംബോയില്‍ നടന്ന കിരീടപ്പോരാട്ടത്തില്‍ നേപ്പാളിനെ ഏഴ് വിക്കറ്റിന് തകര്‍ത്താണ് ഇന്ത്യ കിരീടം നേടിയത്.
ടോസ് നേടിയ ഇന്ത്യൻ വനിതകള്‍ ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത നേപ്പാള്‍ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 114 റണ്‍സെടുത്തു. 115 റൺസ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ 12 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി.
44 റൺസ് നേടിയ ഫൂല സരെനാണ് ടോപ് സ്കോറർ. പരമ്പരയിൽ മികച്ച പ്രകടനം പുറത്തെടുത്ത സരെനെ പ്ലെയർ ഓഫ് ദ മാച്ചായി തെരഞ്ഞെടുത്തു. ഓസ്ട്രേലിയ, പാക്കിസ്ഥാന്, ശ്രീലങ്ക, അമേരിക്ക, നേപ്പാള്‍ തുടങ്ങിയ ടീമുകള്‍ പങ്കെടുത്ത ലോകകപ്പില്‍ അപരാജിതരായാണ് ഇന്ത്യൻ വനിതകള്‍ കിരീടം നേടിയത്.
International
കാഠ്മണ്ഡു: സാമൂഹിക മാധ്യമങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയതിന് പിന്നാലെ നേപ്പാളിലുണ്ടായ പ്രക്ഷോഭത്തിൽ 14 പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. ജെൻ സി എന്നറിയപ്പെടുന്ന 26 വയസിന് താഴെയുള്ള യുവതി-യുവാക്കളാണ് പ്രതിഷേധവുമായി തെരുവിലിറങ്ങിയത്.
പലയിടത്തും പ്രതിഷേധക്കാരും പോലീസും തമ്മിൽ തെരുവിൽ ഏറ്റുമുട്ടി. ഇതിനുപിന്നാലെ രാജ്യതലസ്ഥാനമായ കാഠ്മണ്ഡുവിന്റെ വിവിധ ഭാഗങ്ങളിൽ ഭരണകൂടം കർഫ്യു ഏർപ്പെടുത്തി.
അതിനിടെ പ്രതിഷേധക്കാരിൽ ചിലർ നേപ്പാൾ പാർലമെന്റിലേക്ക് അതിക്രമിച്ച് കയറാൻ ശ്രമം നടത്തി. ഇവരെ പിരിച്ചുവിടാൻ പോലീസ് കണ്ണീർവാതകവും റബർ ബുള്ളറ്റുകളും ഉപയോഗിച്ചത് സംഘർഷം കൂടുതൽ രൂക്ഷമാക്കി.
സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാകുന്നത് വരെ കർഫ്യു തുടരുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.